വയോജന സൗഹൃദം കൂടിയാകട്ടെ നമ്മുടെ വീടുകൾ
വീടുകൾ വയോജന സൗഹൃദമാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം
വീടു വയ്ക്കുമ്പോൾ പൊതുവേ അധികമാരും കണക്കിലെടുക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. തങ്ങളുടെ വീടുകൾ എത്രത്തോളം വയോജന സൗഹൃദമാണ് എന്നുള്ളത്. ഇത്രയും നാൾ ശ്രദ്ധിക്കാതെ പോയി എങ്കിലും ഇനിയുള്ള കാലങ്ങളിൽ ഇക്കാര്യത്തിന് കൂടുതൽ പരിഗണന നൽകേണ്ടിവരും.
കാരണം നിലവിലെ സാമൂഹ്യ രീതികൾ ആകെ മാറുകയാണ്. കുട്ടികളിൽ നല്ലൊരു ശതമാനവും വിദേശ വിദ്യാഭ്യാസം തേടിയും തൊഴിൽ തേടിയും മറ്റു നാടുകളിലേക്ക് ചേക്കേറുകയാണ്. ഇനി അഥവാ അവർ നാട്ടിൽ നിന്നാൽ തന്നെ ജോലി സംബന്ധമായും മറ്റും ഏറെ തിരക്കിലാകും. ചുരുക്കി പറഞ്ഞാൽ പണ്ടൊക്കെ പ്രായമായവരെ നോക്കാൻ വീടുകളിൽ മക്കളും കൊച്ചുമക്കളും എല്ലാം ഉണ്ടായിരുന്നുവെങ്കിൽ, ഇനിയങ്ങോട്ട് അത് പ്രതീക്ഷിക്കേണ്ടതില്ല.
അതുകൊണ്ടുതന്നെ പരമാവധി മറ്റുള്ളവരെ ആശ്രയിക്കാത്ത വിധത്തിൽ വിശ്രമജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുംവിധമുള്ള സൗകര്യങ്ങൾ വീടുകളിൽ നിർബന്ധമായും ഒരുക്കേണ്ടതാണ്. വിദേശരാജ്യങ്ങളിൽ വർഷങ്ങൾക്കു മുമ്പേ തന്നെ ഇക്കാര്യത്തിൽ വലിയ പ്രാധാന്യമാണ് നൽകിവരുന്നത്.
വീടുകൾ വയോജന സൗഹൃദമാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം
ശുചിമുറികൾ
വാതിലുകൾക്ക് ആവശ്യത്തിന് വലുപ്പം വേണം. പടികൾ ഇല്ലാതെ വേണം വാതിൽ ക്രമീകരിക്കാൻ. കാരണം ആയാസരഹിതമായി പ്രവേശിക്കാൻ കഴിയണം. ആവശ്യമെങ്കിൽ വീൽചെയറുകൾ സുഗമമായി ഉപയോഗിക്കാനും ഇത് ഉപകാരപ്പെടും. സാധാരണ ഉപയോഗിക്കുന്നതിനേക്കാൾ ഗ്രിപ്പ് കൂടിയ ടൈൽസുകൾ വേണം പ്രായമായവർക്ക് വേണ്ടിയുള്ള ശുചിമുറികളിൽ ഉപയോഗിക്കാൻ. ക്ലോസറ്റിനോട് ചേർന്ന് പിടിച്ച് ഇരിക്കാനും എഴുന്നേൽക്കാനും കഴിയുന്ന വിധത്തിൽ കൈപ്പിടികൾ ക്രമീകരിക്കണം. ഇരുന്ന് കുളിക്കാൻ പറ്റുന്ന വിധത്തിൽ ഹാൻഡ് ഷവറുകളും സീറ്റും ആകാം.
അലാം ( പാനിക് ബട്ടൺ )
കിടപ്പുമുറികളിലും അവർ ഉപയോഗിക്കുന്ന ശുചിമുറികളിലും നിർബന്ധമായും അലാം സ്വിച്ചുകളോ പാനിക് ബട്ടനോ ക്രമീകരിക്കുന്നത് ഏറെ ഉപകാരപ്രദമാകും. ഏതെങ്കിലും വിധത്തിൽ അപകടമോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാൽ മറ്റുള്ളവരെ അറിയിക്കുന്നതിന് ഇത് സഹായം ചെയ്യും.
സ്റ്റെപ്പുകൾ
പരമാവധി സ്റ്റെപ്പുകൾ ( തട്ടുകൾ ) ഒഴിവാക്കിവേണം ഫ്ലോർ ഡിസൈൻ ചെയ്യാൻ. അഥവാ രണ്ടു തട്ടുകളിൽ ആയാണ് ഫ്ലോർ വരുന്നതെങ്കിൽ സ്റ്റെപ്പുകൾ ഒഴിവാക്കി റാമ്പുകൾ നൽകാം. മിനുസം കുറഞ്ഞ മെറ്റീരയലുകൾ വേണം തറയിൽ വിരിക്കാൻ.
സെൻസർ ലൈറ്റുകൾ
രാത്രിയിൽ പെട്ടെന്ന് ഒരു ആവശ്യം തോന്നി എഴുന്നേറ്റ് മറ്റു മുറികളിലേക്കോ ശുചിമുറിയിലേക്കോ പോകേണ്ടി വന്നാൽ വെളിച്ചം പ്രധാനമാണ്. സെൻസർ ലൈറ്റുകൾ സ്ഥാപിക്കുകയാണ് എങ്കിൽ ആളുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അവ സ്വയം പ്രകാശിക്കും. ഇത് തട്ടി-തടഞ്ഞ് വീഴാനുള്ള സാഹചര്യം ഒഴിവാക്കും.
ക്രമീകരിക്കാം പ്രത്യേക ഇടങ്ങൾ
പ്രായമായവർക്ക് പൊതുവേ സമയം ചെലവഴിക്കാൻ ഏറെ ബുദ്ധിമുട്ടായിരിക്കും. ഓരോരുത്തരുടെ താൽപര്യങ്ങൾ മുൻകൂട്ടി കണ്ട് അതിന് പറ്റുന്ന ഇടങ്ങൾ വീടിനുള്ളിലോ വീടിനോട് ചേർന്നോ ഒരുക്കാം. ഉദ്യാനങ്ങൾ, ലൈബ്രറി, പച്ചക്കറിത്തോട്ടം, കലാഭരുചികൾ ഉള്ളവരാണെങ്കിൽ അതിനുപറ്റിയ സ്ഥലം തുടങ്ങിയവ.
What's Your Reaction?