പ്രിയമേറുന്ന പ്രകൃതി സൗഹൃദ വീടുകള്‍
പ്രകൃതി സൗഹൃദമായി ജീവിക്കാന്‍ ആദ്യം വേണ്ടത് പ്രകൃതിയോടിണങ്ങുന്ന വീടുകളാണ്.
പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അടിയ്ക്കടിയുടണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും എല്ലാം മനുഷ്യനെ മാറി ചിന്തിപ്പിക്കുന്നു എന്നുവേണം കരുതാന്‍. പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തരഹിതമായ സമീപനമാണ് പല പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണമെന്ന തിരിച്ചിരിച്ചറിവ് കൂടിയാണ് ഇത്.
പ്രകൃതി സൗഹൃദമായി ജീവിക്കാന്‍ ആദ്യം വേണ്ടത് പ്രകൃതിയോടിണങ്ങുന്ന വീടുകളാണ്. പ്രത്യേകിച്ച് കേരളത്തില്‍ ഇത്തരം വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. എങ്ങനെയൊക്കെ പ്രകൃതി സൗഹൃദമായി വീടുകള്‍ ഒരുക്കാം എന്ന് നോക്കാം.
ഉപയോഗിക്കാം ഗ്രീന്‍ മെറ്റീരിയലുകള്‍
വീടുകളെ പ്രകൃതി സൗഹൃദമാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ (ബിൽഡിംഗ് മെറ്റീരിയൽസ് ) സ്വഭാവം. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത കൂടുതൽ കാലം ഈട് നിൽക്കുന്ന വസ്തുക്കൾ നിർമ്മാണത്തിൽ ഉപയോഗിക്കാം. ചൂടിനെ പരമാവധി പ്രതിരോധിക്കുന്ന കട്ടകൾകൊണ്ട് വേണം ചുവരുകൾ തീർക്കാൻ. മഡ് ബ്രിക്കുകളും നാച്ചുറൽ സ്റ്റോണുമൊക്കെ ഉദാഹരണങ്ങൾ.
പുനരുപയോഗം എന്ന പ്രതിവിധി
പഴയ വീടുകളിൽ ഉപയോഗിച്ച മരങ്ങളും ഓടുകളും കല്ലുകളും എല്ലാം ഗുണനിലവാരം ഉറപ്പാക്കി പരിഗണിക്കാം. ഇതിലൂടെ പ്രകൃതി ചൂഷണത്തെ ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിയും. ഒപ്പം അധിക ചിലവുകൾ ഇല്ലാതെ ഗൃഹാതുരത്വം തുളുമ്പുന്ന അന്തരീക്ഷവും വീടിന് നൽകാം.
തുറന്ന രൂപകൽപ്പന
പരമാവധി കാറ്റും വെളിച്ചവും അകത്തേക്ക് പ്രവേശിക്കുന്ന രീതിയിൽ വേണം വീടിന്റെ പ്ലാൻ ഒരുക്കാൻ. ഇത് വീടിനുള്ളിൽ പോസിറ്റീവ് എനർജി നിലനിർത്താൻ സഹായിക്കും. യഥേഷ്ടം വെളിച്ചവും കാറ്റും ഉണ്ടെങ്കിൽ വൈദ്യുതിയുടെ ഉപഭോഗം നിജപ്പെടുത്തുകയും ചെയ്യാം.
സോളാറിന്റെ പരമാവധി ഉപയോഗം
പ്രകൃതിദത്തമായ ഊർജമാണ് സോളാർ. അതുകൊണ്ട് തന്നെ പ്രകൃതി സൗഹൃദ വീടുകളിൽ സോളാർ ഊർജ്ജത്തെ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണം. സ്വന്തം വീട്ടിലേക്ക് ആവശ്യമായി വരുന്ന വൈദ്യുതി സോളാർ പാനലുകൾ സ്ഥാപിച്ച് ഉത്പാദിപ്പിക്കാം. സോളാർ വാട്ടർ ഹീറ്ററും സോളാർ ലൈറ്റുകളുമെല്ലാം ക്രമീകരിക്കുക. ഒരേസമയം ധനലാഭവും പ്രകൃതിയെ ചേർത്തുനിർത്തലും സാധ്യമാവും.
ഉപകരണങ്ങളുടെ ഊർജ്ജക്ഷമത
അമിതമായി വൈദ്യുതി ഉപഭോഗം വേണ്ടിവരുന്ന ഉപകരണങ്ങൾ ഒഴിവാക്കുക. ഫൈവ് സ്റ്റാർ എനർജി റേറ്റിംഗ് ഉള്ള ഉപകരണങ്ങൾ നോക്കി വാങ്ങുക. ഉദാഹരണത്തിന് സാധാരണ ബൾബുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ, പഴയ ടി.വികൾക്ക് പകരം എൽ.ഇ.ഡി ടി.വികൾ എന്നിവ ഉപയോഗിക്കാം.
ഇൻഡോർ പ്ലാന്റ്റുകൾ
വീടിന്റെ ഇന്റീരിയർ രൂപകല്പനയിൽ ഇൻഡോർ പ്ലാന്റ്റുകൾക്ക് പ്രധാന പങ്കുണ്ട്. അകത്തളത്തിന്റെ ഭംഗി കൂട്ടുന്നതിന് പുറമെ പ്രകൃതിയോട് കൂടുതൽ അടുക്കാനുള്ള മാർഗം കൂടിയാണ് ഇത്. മാത്രമല്ല വീടിനും വീട്ടുകാർക്കും പ്രത്യേക ഊർജ്ജം ലഭിക്കുകയും ചെയ്യും.
ഒരുക്കാം അടുക്കള തോട്ടങ്ങൾ
പ്രകൃതി സൗഹൃദ ഭവനങ്ങളിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് അടുക്കള തോട്ടങ്ങൾ. വിഷരഹിതമായ ഭക്ഷണ ശീലം വീട്ടുകാരെ ആരോഗ്യത്തോടെ നിലനിർത്തുകയും വീടിന്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും. വീട്ടിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങളെ വളമാക്കി അടുക്കള തോട്ടങ്ങളിൽ ഉപയോഗിക്കാം. അതുവഴി ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരണം ഉറപ്പാക്കാം. ഒപ്പം വിഷം കലരാത്ത വിഭവങ്ങൾ കഴിക്കുകയും ചെയ്യാം.
സംഭരിക്കാം മഴവെള്ളം
സോളാർ എനർജി പോലെ തന്നെ അധിക ചെലവ് ഇല്ലാതെ പ്രകൃതി സമ്മാനിക്കുന്ന ഒന്നാണ് മഴവെള്ളം. ഒന്നുകിൽ സംഭരണി ഒരുക്കി മഴവെള്ളത്തെ സൂക്ഷിക്കാം. അല്ലെങ്കിൽ അതിനെ ശാസ്ത്രീയമായി ഭൂമിയിലേക്ക് അരിച്ചിറക്കാൻ അവസരമൊരുക്കുക. മുറ്റത്ത് കട്ടകൾ വിരിക്കുമ്പോളും ഇക്കാര്യം ശ്രദ്ധിക്കുക.
What's Your Reaction?