വീടൊരുക്കുമ്പോൾ 'ഫ്ളോറിങ്ങിൽ വേണം പ്രത്യേക ശ്രദ്ധ'
സ്ഥലവും കാലാവസ്ഥയും അഭിരുചിയും എല്ലാം പരിഗണിച്ചു വേണം ഫ്ളോറിങ്
വീടുകളുടെ ഭംഗിയും ആയുസ്സും നിർണയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഫ്ലോറിങ്ങ്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ വേണം ഫ്ളോറിങ് ചെയ്യാൻ. വീട് സ്ഥിതി ചെയ്യുന്ന സ്ഥലവും അവിടുത്തെ കാലാവസ്ഥയും താമസിക്കുന്നവരുടെ അഭിരുചിയും എല്ലാം പരിഗണിച്ചു വേണം ഫ്ളോറിങ് ഏതു വേണമെന്ന് തീരുമാനമെടുക്കാൻ.
ഈ അടുത്തിടയ്ക്ക് പ്രശസ്ത സിനിമാതാരം ഹരിശ്രീ അശോകന്റെ വീട്ടിലെ ഫ്ലോറിങ്ങിന് ഉപയോഗിച്ച ടൈൽസുകൾ തകർന്ന് ഉപയോഗശൂന്യമായ സംഭവം വലിയ വാർത്തയായിരുന്നു.
കേരളത്തിൽ പൊതുവേ പ്രചാരത്തിലുള്ള ഫ്ലോറിങ് രീതികൾ പരിചയപ്പെടാം
സെറാമിക് ടൈൽസ്
മണ്ണും ചില മിനറൽസും വെള്ളവും ഉപയോഗിച്ചാണ് സെറാമിക് ടൈൽസ് നിർമ്മിക്കുന്നത്. തീ ഉപയോഗിച്ച് പരുവപ്പെടുത്തിയെടുക്കുന്ന ടൈലുകൾക്കു മുകളിൽ സെറാമിക് കോട്ടിംഗ് നൽകുന്നു. മറ്റ് ടൈലുകളെ അപേക്ഷിച്ച് പോറലുകളെ പ്രതിരോധിക്കാൻ ഇവയ്ക്ക് ശേഷി കൂടുതലാണ്. വീടിന് നാച്ചുറൽ ഫീൽ ലഭിക്കാൻ സെറാമിക് ടൈലുകൾ ഉപയോഗിക്കാം. താരതമ്യേന മറ്റ് ടൈൽസുകളെ സംബന്ധിച്ചിടത്തോളം വിലയും വളരെ കുറവാണ്.
വിട്രിഫൈഡ് ടൈൽസ്
മാർബിൾ, ഗ്രാനൈറ്റ് ഫ്ലോറിംഗിന് പകരമെന്ന നിലയിൽ പ്രചാരത്തിൽ വന്ന ഒരു പ്രൊഡക്ട് ആണ് വിട്രിഫൈഡ് ടൈൽസ്. ഇന്ന് കേരളത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ടൈൽസ് വിഭാഗത്തിൽ ഒന്നാണ് ഇത്. ഏറെ ആകർഷകമായ ഡിസൈനുകളിൽ ഇവ ലഭ്യമാണ്. ഇതിന്റെ ജലത്തെ പ്രതിരോധിക്കാനുള്ള കഴിവാണ് (വാട്ടർ റെസിസ്റ്റൻസ് ) എടുത്ത് പറയേണ്ടത്.
പോളിഷ്ഡ് വിട്രിഫൈഡ് ടൈൽസ്
പോളിഷ്ഡ് വിട്രിഫൈഡ് ടൈൽസിനും ഏറെ ആവശ്യക്കാരാണ് ഉള്ളത്. സാധാരണ വിട്രിഫൈഡ് ടൈലുകളെ അപേക്ഷിച്ച് കൂടുതൽ തിളക്കവും മിനുസമുള്ള പ്രതലവും ആണ് ഇവയ്ക്ക്. സ്വീകരണ മുറികളിലും കിടപ്പുമുറികളിലുമാണ് ഇവ പൊതുവേ ഉപയോഗിച്ചുവരുന്നത്.
ഗ്ലൈസ്ഡ് വിട്രിഫൈഡ് ടൈൽസ്
ചിത്രങ്ങളും ഡിജിറ്റൽ ഡിസൈനുകളും ആലേഖനം ചെയ്ത ടൈലുകളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഡിസൈനുകളും പാറ്റേണുകളും എല്ലാം വളരെ തിളക്കത്തോടെ വ്യക്തമായി ലഭിക്കുന്നു എന്നതാണ് ഗ്ലൈസ്ഡ് വിട്രിഫൈഡ് ടൈൽസുകളുടെ പ്രത്യേകത.
ഗ്രാനൈറ്റ്
പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത ഒന്നാണ് ഗ്രാനൈറ്റ്. പ്രകൃതിദത്തമായി ലഭിക്കുന്ന കല്ലുകളിൽ നിന്ന് രൂപപ്പെടുത്തിയെടുക്കുന്ന ഉൽപ്പന്നമാണ് ഇത്. കിച്ചൻ സ്ലാബുകൾക്ക് മുകളിലും കൗണ്ടർ ടോപ്പുകളിലും ഒക്കെയാണ് ഇപ്പോൾ സാധാരണയായി ഇവ ഉപയോഗിക്കുന്നത്. മാർബിളിനെ അപേക്ഷിച്ച് വ്യത്യസ്തമായ ഡിസൈനുകളിൽ ഇത് ലഭിക്കും. ടൈൽസുകളെ അപേക്ഷിച്ചിടത്തോളം അല്പം ചെലവ് കൂടുതലാണ് ഇവയ്ക്ക്. പോറലോ മറ്റ് ആഘാതങ്ങളോ ഇവയെ കാര്യമായി ബാധിക്കാറില്ല.
ഇറ്റാലിയൻ മാർബിൾ
പതിറ്റാണ്ടുകളായി ഫ്ലോറിങ് രംഗത്ത് ഉപയോഗിച്ചുവരുന്ന ഒരു ക്ലാസ്സിക് ഉൽപ്പനമാണ് ഇറ്റാലിയൻ മാർബിൾ.
കാഴ്ചയിൽ ലളിതമെങ്കിലും അത് നൽകുന്ന പ്രൗഡി എടുത്ത് പറയേണ്ടതാണ്. സാധാരണക്കാർ പൊതുവേ ഇത് ഉപയോഗിക്കാറില്ല. അല്പം ചെലവ് കൂടുതലാണ് എന്നതാണ് കാരണം. എങ്കിലും വർഷങ്ങളോളം നിലനിൽക്കുന്ന ഉൽപ്പന്നം കൂടിയാണിത്. കൃത്യമായ ഇടവേളകളിൽ പോളിഷ് ചെയ്താൽ എക്കാലത്തും പുതുമ കാത്തുസൂക്ഷിക്കാം.
മരം
ഒരുകാലത്ത് ഏറ്റവും പ്രചാരത്തിലിരുന്ന ഫ്ലോറിങ് രീതിയായിരുന്നു മരം കൊണ്ടുള്ളത്. പ്രൗഡിയുടെ പ്രതീകമായും ഈ രീതി ഉപയോഗിച്ചുവന്നു. സമീപകാലത്തായി മരം ഫ്ലോറിങ്ങിന് പ്രചാരം ഏറി വരുന്നുണ്ട്. സിന്തറ്റിക് ഫ്ളോറിങ് രീതികളെ അപേക്ഷിച്ച് വളരെ ആകർഷണം നൽകുന്നതും പരിസ്ഥിതി സൗഹൃദവുമാണ് ഇത്. കാലാവസ്ഥ പരിഗണിച്ചു മാത്രമേ ഈ രീതി തിരഞ്ഞെടുക്കാവൂ. ഇന്നത്തെ കാലത്ത് മറ്റ് രീതികളെല്ലാം വച്ച് നോക്കിയാൽ ചെലവ് അല്പം കൂടുതലും ഇതിനാണ്.
What's Your Reaction?