രാജ്യത്തെ ആദ്യ നാഷണൽ ഹൗസിംഗ് പാർക്ക്‌ തിരുവനന്തപുരത്ത് ; റവന്യൂ മന്ത്രി കെ രാജൻ

നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് നാഷണൽ ഹൗസിംഗ് പാർക്ക്‌ പദ്ധതിയുടെ ലക്ഷ്യം

Dec 26, 2024 - 03:46
 0  37
രാജ്യത്തെ ആദ്യ നാഷണൽ ഹൗസിംഗ് പാർക്ക്‌ തിരുവനന്തപുരത്ത് ; റവന്യൂ മന്ത്രി കെ രാജൻ

തിരുവനന്തപുരം: വ്യത്യസ്‌ത ഭവന മാതൃകകൾ പ്രദർശിപ്പിക്കുന്ന രാജ്യത്തെ ആദ്യ നാഷണൽ ഹൗസിംഗ് പാർക്ക്‌ തിരുവനന്തപുരം വാഴമുട്ടത്ത് നിർമ്മിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്ര സർക്കാരുമായി സഹകരിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥികളെയടക്കം പങ്കാളികളാക്കി 6.90 ഏക്കറിൽ 40 ഭവനങ്ങളാണ് തലസ്ഥാനത്ത് ഉയരുകയെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.

കേരളത്തിലെ പ്രകൃതിക്ക് അനുയോജ്യവും വിവിധ തലങ്ങളിലുള്ളതുമായ 40 ഓളം ഭവനങ്ങളുടെ പൊതുപ്രദർശനമായിരിക്കും ഹൗസിങ് പാർക്കിലെ പ്രധാന ഘടകം. ഇതോടൊപ്പം നിർമ്മാണ മേഖലയിലെ ഗവേഷണങ്ങൾ, ഷോർട് കോഴ്‌സുകൾ, ഫിനിഷിംഗ് സ്‌കൂൾ തുടങ്ങിയ വിവിധ അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷനും ഹോസ്റ്റലും ഇതിന്‍റെ ഭാഗമായിരിക്കും.

നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് വിഷയങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ ഭൂമിയിലേക്കും അനുയോജ്യമാകും വിധത്തിലുള്ളതും സമൂഹത്തിലെ വിവിധ തലത്തിലുള്ള ജനങ്ങൾക്ക് ചെലവ് താങ്ങാൻ കഴിയുന്നതുമായ ഭവന നിർമ്മാണ രീതിയും സംസ്‌കാരവും വളർത്തിയെടുക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് മേൽനോട്ട ചുമതല (Country's first National Housing Park project will be built at Thiruvananthapuram).

ആഡംബരവും ചെലവും കുറഞ്ഞ്, ഏത് കാലാവസ്ഥയെയും അതിജീവിക്കാനാവുന്നതുമായ ഭവനങ്ങൾ നിർമ്മിക്കുന്നതിനായി സംസ്ഥാനത്തിന് ഒരു ഭവന നയം രൂപീകരിക്കുന്ന കാര്യം സർക്കാർ ഗൗരവമായി കണക്കിലെത്തിട്ടുണ്ടെന്നും 2011 മുതൽ ഭവന നയത്തിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മണ്ണിൽ പണിയെടുക്കുന്നവർ മുതൽ നിർമ്മാണ മേഖലയിലെ വിദഗ്‌ധരുമായി കൂടിയാലോചന നടത്തിയാകും ഭവന നയം വരികയെന്നും മന്ത്രി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow